ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി കോവിഡ് പരിശോധന വേണ്ട

ഇനി ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് പനി ലക്ഷണങ്ങൾ ഉള്ളവർ മാത്രം കോവിഡ് പരിശോധനയ്ക്കു വിധേയരായാൽ മതി.

കേരളത്തിൽ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ,സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് കോവിഡ് പരിശോധന വേണമെന്ന നിബന്ധനയാണ് പിൻവലിക്കുന്നത്. ജില്ലാതലങ്ങളിലേക്ക് ആരോഗ്യവകുപ്പ് വാക്കാലാണ് നിർദേശം നൽകിയിരിക്കുന്നത്. 

ഇനി ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് പനി ലക്ഷണങ്ങൾ ഉള്ളവർ മാത്രം കോവിഡ് പരിശോധനയ്ക്കു വിധേയരായാൽ മതി. ശസ്ത്രക്രിയകൾക്കും മറ്റുമായി ആശുപത്രിയിൽ എത്തുന്നവർക്കും ലക്ഷണങ്ങളില്ലെങ്കിൽ സ്രവപരിശോധന വേണ്ട. കോവിഡ് പോസിറ്റീവായതിന്റെ പേരിൽ ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക്‌ റെഫർ ചെയ്യാൻ പാടില്ല. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന കോവിഡ് പോസിറ്റീവായവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം.

കോവിഡ് പോസിറ്റീവായ ഗർഭിണികളുടെ പ്രസവം അതത് ആശുപത്രികളിൽ തന്നെ നടത്തണം. ഒരു തീയേറ്റർ മാത്രമുള്ള ആശുപത്രി ആണെങ്കിൽ പ്രസവ ശസ്ത്രക്രിയയ്‌ക്കെത്തുന്ന കോവിഡ് ബാധിച്ച ഗർഭിണികളെ മറ്റ് ആശുപത്രികളിലേക്ക്‌ റെഫർ ചെയ്യാം. എന്നാൽ പ്രസവവേദനയുമായി എത്തുന്ന സ്ത്രീകളെ ഒരുകാരണവശാലും മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കരുത്.

More from Local News

Blogs