നിശ്ചയ ദാർഢ്യമുള്ള ദുബായ് പൗരന്മാർക്ക് 44 ദശലക്ഷം ദിർഹത്തിന്റെ സാമൂഹിക ആനുകൂല്യങ്ങൾ

60 വയസ്സിന് താഴെയുള്ള നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം.

നിശ്ചയ ദാർഢ്യമുള്ള ദുബായ് പൗരന്മാർക്ക് 44 ദശലക്ഷം ദിർഹം മൂല്യമുള്ള പുതിയ സാമൂഹിക ആനുകൂല്യങ്ങൾ അംഗീകരിച്ചു ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്. 60 വയസ്സിന് താഴെയുള്ള നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം.

ദുബൈയിലെ  പൗരന്മാർക്ക് സാധ്യമായ ഏറ്റവും ഉയർന്ന ജീവിത നിലവാരം നൽകുകയെന്ന  ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അവർക്ക് നൽകുന്ന എല്ലാ സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ  ശ്രമിക്കുകയാണെന്നു  ഷെയ്ഖ് ഹംദാൻ പറഞ്ഞു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും വിവിധ മേഖലകളിൽ വിജയം നേടാനും അവർക്ക് സ്ഥിരത നൽകാനും വികസനത്തിന് അവരുടെ സംഭാവന വർദ്ധിപ്പിക്കാനുമുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ ദുബായിലെ നിശ്ചയദാർഢ്യമുള്ള ആളുകളെ ശാക്തീകരിക്കുന്നതാണ്  ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് .

കിന്റർഗാർട്ടൻ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകൾ, പ്രത്യേക സ്ഥാപനങ്ങളിലെ പരിശീലന, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയ്‌ക്കുള്ള ഫീസും ഷാഡോ അധ്യാപകർ, പരിചരണം നൽകുന്നവർ, പേഴ്‌സണൽ അസിസ്റ്റന്റുമാർ, ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ  എന്നിവർക്ക് നൽകുന്നതിനുള്ള ചെലവുകളും സാമൂഹിക ആനുകൂല്യങ്ങളിൽ ഉൾപ്പെടും.നിശ്ചയ ദാർഢ്യമുള്ളവർക്ക് വേണ്ട സഹായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും, വാഹനങ്ങളുടെയും വിവിധ ഗതാഗത മാർഗങ്ങളുടെയും പുനരധിവാസം, വിവിധ തരത്തിലുള്ള വൈകല്യമുള്ളവരെ ഉൾക്കൊള്ളാൻ ജോലിസ്ഥലത്തെ സജ്ജീകരിക്കുന്നതിനുള്ള ചെലവുകൾ എന്നിവയെല്ലാം സാമൂഹിക ആനുകൂല്യത്തിൽ ഉൾപ്പെടും.

 

 

More from Local News

Blogs