ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരം

ദുബായിൽ നിലവിൽ 2.1 ട്രില്യൺ ദിർഹം മൂല്യമുള്ള പദ്ധതികൾ നടപ്പിലാക്കിവരികയാണെന്നും വരും ഘട്ടത്തിൽ കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണെന്നും  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ദുബായ് തുടർന്നും വാഗ്ദാനം ചെയ്യുന്ന അനന്തമായ സാധ്യതകളെക്കുറിച്ചും അദ്ദേഹം  എടുത്തുപറഞ്ഞു; 
"പാർപ്പിടം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തി സാമ്പത്തിക വളർച്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക് ദുബായ് തയ്യാറെടുക്കുകയാണ്," അദ്ദേഹം പറഞ്ഞു. "ജനസംഖ്യ, ബിസിനസ്സ്, സാമ്പത്തിക മേഖലകൾ എന്നിവയുടെ വളർച്ച ഉൾക്കൊള്ളാൻ ദുബായിയുടെ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് നാളെയുടെ അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ ഇന്ന് കെട്ടിപ്പടുക്കുന്നു. ജീവിതം, തൊഴിൽ, നിക്ഷേപം എന്നിവയിൽ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനൊപ്പം, വളർച്ചയ്ക്കായി ദുബായ് സജ്ജമായിരിക്കുമെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം." അദ്ദേഹം വ്യക്തമാക്കി. 

 പാർപ്പിടം, ഗതാഗതം, വ്യോമയാനം മുതൽ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക മേഖലകൾ, റിയൽ എസ്റ്റേറ്റ് വരെയുള്ള വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ് ദുബായിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ. എമിറേറ്റിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്‌ക്കൊപ്പം സഞ്ചരിക്കാനും ഭാവിയിലെ വിപുലീകരണത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ജലവിതരണം, വൈദ്യുതി, മലിനജല സംസ്കരണം, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

2030 വരെയുള്ള കാലയളവിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന 1.1 ട്രില്യൺ ദിർഹം ഉൾപ്പെടെ, വിവിധ വ്യവസായങ്ങളിലായി നിരവധി പ്രധാന പദ്ധതികൾ ഈ പട്ടികയിലുണ്ട്. വ്യോമയാന മേഖലയിൽ, അടുത്ത ദശകത്തിൽ പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ അൽ മക്തൂം ഇന്റർനാഷണലിനായി 128 ബില്യൺ ദിർഹം വകയിരുത്തിയിട്ടുണ്ട്. കൂടാതെ, എമിറേറ്റ്‌സ്, ഫ്ലൈദുബായ് എന്നിവയുടെ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 328 ബില്യൺ ദിർഹവും, പുതിയ എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് ആൻഡ് മെയിന്റനൻസ് കോംപ്ലക്സിനായി 18.7 ബില്യൺ ദിർഹവും നീക്കിവച്ചിരിക്കുന്നു.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (DIFC) രണ്ടാം ഘട്ട വികസനത്തിനായി 100 ബില്യൺ ദിർഹത്തിലധികം, റോഡ് നവീകരണത്തിനും ദുബായ് മെട്രോയുടെ ബ്ലൂ, ഗോൾഡ് ലൈനുകളുടെ വികസനത്തിനുമായി 100 ബില്യൺ ദിർഹം, ദുബായ് എക്സിബിഷൻ സെന്റർ വിപുലീകരണത്തിന് 10 ബില്യൺ ദിർഹം, ദുബായ് സ്ട്രാറ്റജിക് സീവറേജ് ടണൽസ് (മലിനജല നിർഗമന തുരങ്ക) പദ്ധതിക്കായി 80 ബില്യൺ ദിർഹം, 'തസ്‌രീഫ്' (Tasreef) മഴവെള്ള നിർഗമന പദ്ധതിക്കായി 30 ബില്യൺ ദിർഹം, പുതിയ വൈദ്യുതി-ജല ഗ്രിഡ് അടിസ്ഥാന സൗകര്യങ്ങൾക്കായി 151 ബില്യൺ ദിർഹം, എമിറേറ്റിന്റെ 'ബ്ലൂ ആൻഡ് ഗ്രീൻ സ്‌പേസസ് റോഡ്‌മാപ്പി'നായി 4 ബില്യൺ ദിർഹം എന്നിങ്ങനെ വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ദുബായിയുടെ നഗര-സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി, ഗതാഗത-അടിസ്ഥാന സൗകര്യ ശൃംഖലകളുടെ വിപുലീകരണത്തോടൊപ്പം ഏകദേശം 350,000 പാർപ്പിട യൂണിറ്റുകൾ ഒരുക്കുന്ന പദ്ധതികളും എമിറേറ്റിന്റെ ഭവന നിർമ്മാണ മേഖലയിൽ ഉൾപ്പെടുന്നു.

More from Local News

Blogs