പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും

file photo

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 2027 മെയ് 31 മുതൽ ജൂൺ 2 വരെയാണ് സമ്മേളനം

പ്രഥമ റെയിൽവേ-ഗതാഗത സമ്മേളനമായ  റെയിൽ-എക്സിന് ദുബായ് ആതിഥേയത്വം വഹിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി  പ്രഖ്യാപിച്ചു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 2027 മെയ് 31 മുതൽ ജൂൺ 2 വരെയാണ് സമ്മേളനം . റെയിൽ, മൊബിലിറ്റി മേഖലയിലെ ഒരു സുപ്രധാന ആഗോള സംരംഭമായാണ് ഈ സമ്മേളനം വിലയിരുത്തപ്പെടുന്നത്.  ഭാവിയിലേക്കുള്ള മികച്ച ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും , വൻകിട  പദ്ധതികൾക്കും സമ്മേളനം  വഴിയൊരുക്കും.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 80-ലധികം രാജ്യങ്ങളിൽ നിന്നായി 5,000 പേർ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിദഗ്ധരും, നിക്ഷേപകരും  വ്യവസായ പ്രമുഖരും ,70-ലധികം മുഖ്യ പ്രഭാഷകരും, 60-ഓളം പ്രദർശകരും, 1,500-ലധികം പ്രതിനിധികളും ഇതിൽ ഭാഗമാകും. 

 സമ്മേളനത്തിലെ ആശയവിനിമയവും നിക്ഷേപകരുമായുള്ള ചർച്ചകളും ട്രെയിൻ ഡിസൈൻ, സിസ്റ്റംസ് ഇന്റഗ്രേഷൻ, വൻകിട പദ്ധതികളുടെ നടത്തിപ്പ്, പ്രവർത്തനക്ഷമത, യാത്രാനുഭവം എന്നിവയിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ആർ ടി എയുടെ പ്രതീക്ഷ.


2032-ഓടെ ദുബായിലെ ജനസംഖ്യ ഒരു കോടി ആകുമെന്ന് കണക്കാക്കപ്പെടുന്നതിനാൽ  20 വർഷത്തേക്കുള്ള റോഡ്-ഗതാഗത ശൃംഖലകളാണ് ആർ ടി എ   ആസൂത്രണം ചെയ്യുന്നത്. അതിനാൽ 2030-ഓടെ റോഡ് ശൃംഖലയിൽ വിപുലമായ വികസന പ്രവർത്തനങ്ങളും ആർ ടി എ പദ്ധതിയിടുന്നു. 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെയിൻ പാതയുടെ സാധ്യതകളെക്കുറിച്ചുള്ള പഠനവും പുരോഗമിക്കുന്നുണ്ട്. 

More from Local News

Blogs