സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി

ഭക്ഷ്യോൽപ്പനങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി നിശ്ചയിച്ച് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷകഗുണമുള്ള ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി. 

2030 ഡിസംബർ 31-നകം മന്ത്രാലയം നിർദേശിച്ച സുരക്ഷിതമായ അന്തിമ പരിധിയിലേക്ക് ഭക്ഷ്യ സ്ഥാപനങ്ങൾ എത്തണമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രാഥമിക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ഈസ്റ്റ് ചേർത്ത് ഉണ്ടാക്കുന്ന ബ്രെഡിലെ (leavened bread) സോഡിയം അളവ് ആദ്യ ഘട്ടത്തിൽ 100 ​​ഗ്രാമിന് 444 മില്ലിഗ്രാം എന്നതിൽ നിന്ന് അന്തിമ ഘട്ടത്തിൽ 370 മില്ലിഗ്രാമിലേക്ക് കുറയും.

ഫ്ലാറ്റ്  ബ്രെഡുകളുടെ (flat bread) കാര്യത്തിൽ, ഈ പരിധി 384-ൽ നിന്ന് 320 മില്ലിഗ്രാമിലേക്ക് കുറയും.

ഉപ്പ് ചേർത്ത ക്രാക്കറുകളിലെ (salted crackers) പരമാവധി സോഡിയം അളവ് 696-ൽ നിന്ന് 580 മില്ലിഗ്രാമായും, പ്രെറ്റ്‌സലുകളിലെ (pretzels) അളവ് 912-ൽ നിന്ന് 760 മില്ലിഗ്രാമായും കുറയും.

പാൽ അധിഷ്ഠിത പാനീയങ്ങൾക്കും പാലിന് പകരമുള്ള ഉൽപ്പന്നങ്ങൾക്കും (milk alternatives), മൊത്തം പഞ്ചസാരയുടെ അളവ് 100 ഗ്രാമിന് 9.6 ഗ്രാമിൽ നിന്ന് 8 ഗ്രാമായി കുറയ്ക്കും. മധുരം ചേർത്തതോ രുചിഭേദങ്ങളുള്ളതോ ആയ തൈര് (yogurt), ലാബൻ (laban) എന്നിവയുടെ കാര്യത്തിൽ ഇത് 12 ഗ്രാമിൽ നിന്ന് 10 ഗ്രാമായി കുറയും.

ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന് ഒമ്പത് മാസത്തിനുള്ളിൽ പ്രാഥമിക പരിധികൾ പാലിക്കുകയും, 2030 ഡിസംബർ 31-ഓടെ അന്തിമ പരിധികൾ കൈവരിക്കുകയും വേണം.

രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന പ്രോസസ്സ്ഡ് ചീസിന്റെ (processed cheese) കാര്യത്തിൽ, ആദ്യ ഘട്ട പരിധികൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് രണ്ട് വർഷവും മൂന്ന് മാസവും വരെ സമയം ലഭിക്കും; തുടർന്ന് 2030 അവസാനം വരെ ഘട്ടംഘട്ടമായി അളവ് കുറയ്ക്കേണ്ടതുണ്ട്.

ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ നിലവിലുള്ള സ്റ്റോക്ക്, ഒരു വർഷം വരെയോ അല്ലെങ്കിൽ കാലാവധി തീരുന്ന തീയതി വരെയോ (ഏതാണോ ആദ്യം വരുന്നത് അതുവരെ) വിൽപനയ്ക്ക് വെക്കാവുന്നതാണ്.

മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 20 ശതമാനത്തിലധികം കുറവ് വരുത്തേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ, ആദ്യ ഘട്ടത്തിൽ പരിമിതമായ ഇളവുകൾക്കും ഈ ഉത്തരവിൽ വ്യവസ്ഥയുണ്ട്.

30 ദിവസത്തിനുള്ളിൽ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം; ഒപ്പം സാങ്കേതിക വിവരങ്ങളും അംഗീകൃത ലബോറട്ടറി പരിശോധനാ ഫലങ്ങളും ഹാജരാക്കേണ്ടതുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അധികൃതർ  നിരീക്ഷിക്കും. നിയമലംഘനം ഉണ്ടായാൽ മുന്നറിയിപ്പ്, 5,000 മുതൽ 500,000 ദിർഹം വരെ പിഴ, സ്ഥാപനം താൽക്കാലികമായി അടച്ചിടൽ, അല്ലെങ്കിൽ ലൈസൻസോ അംഗീകാരമോ റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചേക്കാം.

ഉൽപ്പാദനം, സംസ്കരണം, പാക്കേജിംഗ് മുതൽ വിതരണവും വിൽപ്പനയും വരെയുള്ള ഭക്ഷ്യ വിതരണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളെയും ഈ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. നേരിട്ടോ അല്ലാതെയോ യു.എ.ഇ.-ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിനായി നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക്, അവ രാജ്യത്തിനകത്ത് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ, ഈ പ്രമേയം ബാധകമല്ല.

More from Local News

Blogs