2026-ലെ ആദ്യ 10 മാസങ്ങളിൽ 9.68 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബായിൽ

2026-ലെ ആദ്യ 10 മാസങ്ങളിൽ 9.68 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബായിൽ എത്തി. ഇതിൽ ഒക്ടോബറിൽ മാത്രം എത്തിയത് 1.15 ദശലക്ഷം പേരാണ്; ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്.

ദുബായ് ഓപ്പറയിൽ നടന്ന 'സിറ്റി ബ്രീഫിംഗി'ൽ  ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസംആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

'ദുബായ് ഇക്കണോമിക് അജണ്ട D33'-ന് അനുസൃതമായി 2027-ലെ വളർച്ചാ മുൻഗണനകൾ അവലോകനം ചെയ്യുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടിയിൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ഇവന്റുകൾ, റീട്ടെയിൽ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഭക്ഷ്യ-പാനീയ മേഖലകൾ (F&B) എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും, സർക്കാർ പങ്കാളികളും മാധ്യമപ്രതിനിധികളും പങ്കെടുത്തു.

ടൂറിസം സേവനങ്ങൾ മെച്ചപ്പെടുത്തുക, സന്ദർശകർ വീണ്ടും വരുന്നത് പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാരികൾ എത്തുന്ന വിപണികൾ വൈവിധ്യവത്കരിക്കുക, പ്രധാന പരിപാടികളിലൂടെ ഡിമാൻഡ് വർദ്ധിപ്പിക്കുക, പൊതു-സ്വകാര്യ പങ്കാളിത്തം വിപുലീകരിക്കുക എന്നിവയിൽ ബ്രീഫിംഗ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം, സംസ്കാരം, പൈതൃകം, നവീകരണം, ആരോഗ്യം, കായികം എന്നിവ പ്രയോജനപ്പെടുത്തി ടൂറിസം അനുഭവങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

'എ ദുബായ് ഇൻവൈറ്റ്'  എന്ന സംരംഭത്തിന്റെ ഫലങ്ങളും DET അവലോകനം ചെയ്തു. താമസക്കാർ തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുബായ് സന്ദർശിക്കാൻ ക്ഷണിക്കുന്നതിലൂടെ 73,000-ത്തിലധികം സന്ദർശകരെ ആകർഷിക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.

പങ്കെടുത്ത ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള പിന്തുണ, ഈ സംരംഭത്തിന്റെ വ്യാപ്തി തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിയാക്കാൻ DET-നെ സഹായിച്ചു.

GDRFA ദുബായ്, DET, കൂടാതെ എമിറേറ്റ്‌സ്, മജീദ് അൽ ഫുത്തൈം, അക്കോർ, വിസ തുടങ്ങിയ സ്വകാര്യ മേഖലയിലെ പങ്കാളികളുമായി ചേർന്ന് വികസിപ്പിച്ച 'ദുബായ് ആക്‌സസ് ക്ലബ്ബി'നെക്കുറിച്ചും ബ്രീഫിംഗിൽ എടുത്തുപറഞ്ഞു.

ക്ഷണിക്കപ്പെടുന്നവർക്ക് മാത്രം പ്രവേശനമുള്ള ഈ പ്രോഗ്രാമിലൂടെ അഞ്ച് വർഷത്തെ അംഗത്വവും, പ്രത്യേക ആനുകൂല്യങ്ങളും, അഞ്ച് വർഷത്തേക്ക് പലതവണ വരാവുന്ന (multiple-entry) ടൂറിസ്റ്റ് വിസയും ലഭിക്കും (യോഗ്യതയും വിസ അംഗീകാരവും ബാധകം). ഇത് സന്ദർശകർ വീണ്ടും ദുബായിലേക്ക് വരാൻ പ്രോത്സാഹനമേകുകയും, അവരും ദുബായിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ദുബായ് കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗിന്റെ (DCTCM) സിഇഒ ഇസ്സാം കാസിം, ദുബായിയുടെ ടൂറിസം വളർച്ചയിൽ വിജയകരമായ പങ്കാളിത്തങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാനും, സഹകരണം ശക്തിപ്പെടുത്താനും, ഭാവിയിലെ അവസരങ്ങളിൽ നിക്ഷേപം തുടരാനും ബന്ധപ്പെട്ട പങ്കാളികൾക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More from Local News

Blogs