യുഎഇ ഇയർ ഓഫ് ഫാമിലി വിജയികളെ ആദരിച്ചു

കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംഭാവനകൾ പരിഗണിച്ച് യുഎഇ ഇയർ ഓഫ് ഫാമിലി പുരസ്‌കാരത്തിന്റെ പ്രഥമ പതിപ്പിൽ വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നിവരടങ്ങുന്ന അഞ്ച് വിജയികളെ ആദരിച്ചു.

അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിനിടെ, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

സലീം ഒബൈദ് അൽ ദാഹേരി കുടുംബം, മുഹമ്മദ് യൂസഫ് അൽ റൈസ് കുടുംബം, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, മജീദ് അൽ ഫുത്തൈം ഗ്രൂപ്പ്, മീര മുബാറക് അൽ കെത്ബി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.

കുടുംബങ്ങളുടെ ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഇയർ ഓഫ് ഫാമിലി'യുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതായിരുന്നു ഇവരുടെ സംഭാവനകൾ.

ശക്തവും സുസ്ഥിരവുമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനം കുടുംബമാണെന്ന് ശൈഖ് മൻസൂർ എടുത്തുപറഞ്ഞു. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രചോദനാത്മകമായ സംരംഭങ്ങളെ ആദരിക്കുക, സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുക, സമൂഹത്തിൽ ദീർഘകാലം നിലനിൽക്കുന്ന ഗു2ണാത്മക സ്വാധീനം ചെലുത്തുന്ന സംഭാവനകളെ അംഗീകരിക്കുക എന്നിവയാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിജയികളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച ഈ പുരസ്‌കാരം, സുസ്ഥിരത, സ്വാധീനം, പ്രചോദനം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളെയാണ് അംഗീകരിക്കുന്നത്.

More from Local News

Blogs