റേസിംഗ് കാർണിവലിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി

2026–27-ലെ ദുബായ് റേസിംഗ് കാർണിവലിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി.  എമിറേറ്റ്‌സ് സ്പോൺസർ ചെയ്യുന്ന പുതിയ സീസൺ നവംബർ 6 വെള്ളിയാഴ്ച ആരംഭിക്കും.

റേസിംഗ് പ്രേമികളെയും ജോക്കികളെയുംപരിശീലകരെയും ഉടമകളെയും മെയ്ദാൻ റേസ്‌കോഴ്‌സിലേക്ക് സ്വാഗതം ചെയ്യാൻ ദുബായ് റേസിംഗ് ക്ലബ് ഒരുങ്ങിക്കഴിഞ്ഞു. എമിറേറ്റ്‌സ് സ്പോൺസർ ചെയ്യുന്ന പുതിയ സീസൺ നവംബർ 6 വെള്ളിയാഴ്ച ആരംഭിക്കും. ദുബായിലെ പ്രധാന കായിക വേദികളിലൊന്നായ ഇവിടെ, ലോകോത്തര നിലവാരമുള്ള കുതിരയോട്ട മത്സരങ്ങളും മികച്ച ആതിഥ്യമര്യാദയും വിനോദ പരിപാടികളും ഉൾപ്പെടുന്ന ആവേശകരമായ ഒരു പരമ്പര തന്നെ ഒരുക്കിയിട്ടുണ്ട്.

2027 മാർച്ച് 12 വരെ നീളുന്ന ഈ സീസണിൽ 16 റേസിംഗ് മീറ്റിംഗുകൾ നടക്കും. ഇതിൽ 'ഫെസ്റ്റീവ് ഫ്രൈഡേ', ​​'ഫാഷൻ ഫ്രൈഡേ', ​​'എമിറേറ്റ്‌സ് സൂപ്പർ സാറ്റർഡേ' എന്നിങ്ങനെ മൂന്ന് പ്രധാന റേസിംഗ് ദിനങ്ങളും ഉൾപ്പെടുന്നു.

റേസിംഗ് മത്സരങ്ങൾക്ക് പുറമെ, സീസണിലുടനീളം സന്ദർശകർക്കായി വിവിധ തരത്തിലുള്ള ആതിഥ്യ-വിനോദ അനുഭവങ്ങളും മെയ്ദാൻ റേസ്‌കോഴ്‌സിൽ ഒരുക്കിയിട്ടുണ്ടാകും.

"ലോകമെമ്പാടുമുള്ള പ്രമുഖരായ കുതിര ഉടമകളെയും പരിശീലകരെയും മികച്ച ജോക്കികളെയും ആകർഷിച്ചുകൊണ്ട്, കുതിരയോട്ട രംഗത്ത് ദുബായ് മുൻനിരയിൽ തുടരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. റേസ്‌ട്രാക്കിന് അപ്പുറത്തേക്ക് നോക്കിയാൽ, ഏറ്റവും ഉയർന്ന നിലവാരമുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള ദുബായിയുടെ കഴിവ് വിളിച്ചോതുന്ന 'ദുബായ് റേസിംഗ് കാർണിവൽ', സന്ദർശകരെയും റേസിംഗ് പ്രേമികളെയും ആകർഷിക്കുന്നതിനൊപ്പം ആഗോളതലത്തിൽ തന്നെ നഗരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു," എന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

2027 മാർച്ച് 27 ശനിയാഴ്ച മെയ്ദാൻ റേസ്‌കോഴ്‌സിൽ നടക്കുന്ന 31-ാമത് 'ദുബായ് വേൾഡ് കപ്പ്' മത്സരത്തോടെ ഈ കാർണിവൽ സമാപിക്കും.

ലോകത്തിലെ ഏറ്റവും സമ്പന്നവും അഭിമാനകരവുമായ റേസിംഗ് ദിനങ്ങളിലൊന്നായ ഇതിൽ, ആകെ 30.5 ദശലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഒമ്പത് മത്സരങ്ങൾ നടക്കും.

More from Local News

Blogs