വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

File Image

ആനുകൂല്യങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും, വ്യാജ കോളുകളും ശ്രദ്ധിക്കണമെന്നാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളും വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും സൂക്ഷിക്കണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

വെബ്‌സൈറ്റുകളിലൂടെയോ ഇ-മെയിലിലൂടെയോ സർക്കാർ ഏജൻസികൾക്ക് സമാനമായ ആനുകൂല്യങ്ങളുള്ള വ്യാജ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും, വ്യാജ കോളുകളും ശ്രദ്ധിക്കണമെന്നാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹ്രസ്വ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ വഴിയാണ് പലപ്പോഴും തട്ടിപ്പ് നടക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടിയ ശേഷം, അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പൊതുജനങ്ങളെ ഇരയാക്കുന്ന പുതിയ രീതികൾക്കെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി.

ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം പിൻ, കാർഡ് വെരിഫിക്കേഷൻ നമ്പർ (സിവിവി) അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവയുൾപ്പെടെ തങ്ങളുടെ രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

വഞ്ചന നടന്നാൽ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ബാങ്കിംഗ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരുടെ  കോളുകൾ വന്നാൽ ഉടൻ അറിയിക്കാൻ അമൻ സെക്യൂരിറ്റി സർവീസ് നമ്പറായ 8002626 എന്ന നമ്പറിൽ ബന്ധപ്പെടുക്കയോ മെസ്സേജ് അയക്കുകയോ ചെയ്യണമെന്ന് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

More from Local News

Blogs