
നവംബർ 1 മുതൽ, എമിറേറ്റിലുടനീളം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഷാർജ പോലീസ് മോട്ടോർ സൈക്കിളുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കായി പുതിയ ലെയ്ൻ നിയമങ്ങൾ നടപ്പിലാക്കുന്നത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച്, പ്രധാന, ദ്വിതീയ റോഡുകളിൽ ഓരോ വാഹന തരത്തിനും ഷാർജ പോലീസ് പ്രത്യേക ലെയ്നുകൾ നിശ്ചയിച്ചിട്ടുണ്ട്.
4 വരി പാതകളിൽ ഹെവി വാഹനങ്ങളും ബസുകളും വലതുവശത്തെ അവസാന ലെയ്നിൽ തന്നെ തുടരണം. അതേസമയം മോട്ടോർ സൈക്കിളുകൾക്ക് നാലുവരി റോഡുകളിൽ മൂന്നാമത്തെയും നാലാമത്തെയും ലെയ്ൻ ഉപയോഗിക്കാൻ അനുവാദമുണ്ട്.
3 വരി റോഡുകളിൽ, മോട്ടോർ സൈക്കിളുകൾക്ക് രണ്ടും മൂന്നും ലെയ്ൻ ഉപയോഗിക്കാം,രണ്ട് വരി റോഡുകളിൽ, വലത് ലെയ്ൻ മാത്രമേ ഉപയോഗിക്കാവൂ.
ഗതാഗതം നിയന്ത്രിക്കുക, തിരക്ക് കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് നിയമങ്ങൾ ലക്ഷ്യമിടുന്നത്. സ്മാർട്ട് റഡാറുകൾ, നിരീക്ഷണ ക്യാമറകൾ, പട്രോളിംഗ് എന്നിവ 24 മണിക്കൂറും നിരീക്ഷണം നടത്തും.
നിയമ ലംഘനങ്ങൾക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം പിഴ ചുമത്തും. നിയുക്ത ലെയ്നുകൾ പാലിക്കാത്ത ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും, ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്തതിന് 500 ദിർഹം പിഴയും ഉൾപ്പെടെ ആണ് പിഴ ലഭിക്കുക.