
സിറിയയ്ക്ക് എതിരായ ഉപരോധങ്ങൾ നീക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎഇ.
യു.എസ് തീരുമാനം സിറിയയുടെ വളർച്ചയും സമൃദ്ധിയും വളർത്തുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പാണ് എന്ന് യുഎഇ വിശേഷിപ്പിച്ചു.
സിറിയൻ ജനതയുടെ അഭിലാഷങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതായും പ്രാദേശിക ശ്രമങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ നീക്കം സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനും വഴിയൊരുക്കുമെന്നും അത് രാജ്യത്ത് സ്ഥിരതയും വികസനവും കൊണ്ടുവരാൻ സഹായിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
സിറിയൻ ജനതയ്ക്ക് സമാധാനം, സുരക്ഷ, പുരോഗതി എന്നിവ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുമെന്നും യുഎഇ വ്യക്തമാക്കി.