ദേശീയ സേവനത്തിനായി യുവാക്കളെ സജ്ജരാക്കാൻ 'ബെലാദി' പദ്ധതിക്ക് തുടക്കമിട്ട് യുഎഇ

WAM

നേതൃപാടവം, സാങ്കേതിക വൈദഗ്ധ്യം, പ്രായോഗിക അറിവ് എന്നിവ വികസിപ്പിക്കാൻ  ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ

യുഎഇയിലെ യുവതലമുറയെ ദേശീയ സേവനത്തിനായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ബെലാഡി എന്ന പദ്ധതിക്ക് തുടക്കം കുറിച്ച്  പ്രതിരോധ മന്ത്രാലയം. നേതൃപാടവം, സാങ്കേതിക വൈദഗ്ധ്യം, പ്രായോഗിക അറിവ് എന്നിവ വികസിപ്പിക്കാൻ  ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. ദേശീയ സേവന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. 11 മാസം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ  പ്രത്യേക പരിശീലന മേഖലകളും  ഉൾപ്പെടുത്തും. പിന്നീട്  ദേശീയ ശേഷി വികസന ലക്ഷ്യങ്ങൾക്കും പദ്ധതിയുടെ  കാഴ്ചപ്പാടിനും അനുസൃതമായി ഇവ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മികച്ച കഴിവുകളുള്ള യുഎഇ പൗരന്മാരെ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനുമുള്ള സമഗ്രമായ 
ലീഡർഷിപ്പ് കോംപിറ്റൻസി അസസ്‌മെന്റ് എന്ന ഘട്ടത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവരുടെ അഭിരുചിക്ക് അനുയോജ്യമായ മേഖലകളിലേക്ക് അവരെ നയിക്കുന്നതിനും  വേണ്ടി  മനഃശാസ്ത്രപരവും ശാരീരികവും ബൗദ്ധികവുമായ വിലയിരുത്തലുകൾ, നേരിട്ടുള്ള അഭിമുഖങ്ങൾ, ഫീൽഡ് അസസ്‌മെന്റുകൾ എന്നിവയും  ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന്, യുഎഇ സായുധ സേനയിലെ വിദഗ്ധരായ നേതാക്കളുടെയും പരിശീലകരുടെയും നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾക്ക് കർശനമായ പരിശീലനം നൽകും. ദേശീയ ഉത്തരവാദിത്വം , രാജ്യത്തോടുള്ള പ്രതിബദ്ധത, സേവന മനോഭാവം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം  രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കുവഹിക്കാൻ പ്രാപ്തിയുള്ള യോഗ്യരായ ഒരു  ഓപ്പറേഷണൽ റിസർവ് ഫോഴ്‌സ്‌  രൂപീകരിക്കുക  എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്.

More from Local News

Blogs