യുഎഇയിലെ സാമ്പത്തിക വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചതായി സർക്കാർ

2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ യുഎഇയിലെ സാമ്പത്തിക വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചതായി സർക്കാർ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ലൈസൻസ് നൽകിയ കമ്പനികളുടെ എണ്ണത്തിൽ 43 ശതമാനം വർധനവുണ്ടായി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് (ADX), ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (DFM) എന്നിവയുടെ സംയോജിത വിപണി മൂല്യം (market capitalisation) 3.7 ട്രില്യൺ ദിർഹത്തിലെത്തി.ആകെ വ്യാപാര മൂല്യം 408 ബില്യൺ ദിർഹത്തിലെത്തിയതായി യുഎഇ സർക്കാർ അറിയിച്ചു.

മൊത്തം വ്യാപാരത്തിന്റെ പകുതിയോളം വിദേശ നിക്ഷേപകരിൽ നിന്നാണെന്നത്, യുഎഇ വിപണികളിലുള്ള അന്താരാഷ്ട്ര വിശ്വാസം വർധിച്ചുവരുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

അതോടൊപ്പം, പ്രാദേശിക നിക്ഷേപ ഫണ്ടുകളുടെ എണ്ണത്തിൽ 94 ശതമാനം വളർച്ച രേഖപ്പെടുത്തി; നിലവിൽ ഇത്തരം ഫണ്ടുകളുടെ എണ്ണം 97 ആയി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, പ്രാദേശിക നിക്ഷേപ ഫണ്ടുകൾക്ക് കീഴിലുള്ള ആസ്തികളിൽ (assets under management) 30 ശതമാനം വളർച്ചയും ഉണ്ടായിട്ടുണ്ട്.

കൂടാതെ, വ്യാപാരത്തിനായി 102 വെർച്വൽ ആസ്തികൾ (virtual assets) രജിസ്റ്റർ ചെയ്യപ്പെടുകയും, ബോണ്ടുകളിലൂടെയും സുക്കൂക്കുകളിലൂടെയും (bonds and sukuk) 576 ബില്യൺ ദിർഹം സമാഹരിക്കപ്പെടുകയും ചെയ്തു.

സുതാര്യതയ്ക്കും നിക്ഷേപകരുടെ സംരക്ഷണത്തിനും മുൻഗണന നൽകുന്നതും, നിക്ഷേപ ഫണ്ടുകൾ മുതൽ വെർച്വൽ ആസ്തികൾ വരെയുള്ള ഭാവികാല സാമ്പത്തിക ഉപാധികളുമായി പൊരുത്തപ്പെട്ടുപോകുന്നതുമായ, അതീവ കാര്യക്ഷമവും പുരോഗമനപരവുമായ നിയന്ത്രണ സംവിധാനമാണ് (regulatory environment) ഈ നേട്ടങ്ങൾക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

More from Local News

Blogs