ദേശീയ പ്രതിരോധ നടപടികളെ ദോഷകരമായി ബാധിക്കുകയും യുഎഇയ്ക്കെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് വിവിധ രാജ്യക്കാരായ 25 പേരെ കൂടി അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ ഉടൻ വിചാരണയ്ക്കായി റഫർ ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച ഉള്ളടക്കത്തിന്റെ തരം അനുസരിച്ച് പ്രതികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
യുഎഇയുടെ വ്യോമാതിർത്തിയിൽ മിസൈൽ ആക്രമണങ്ങൾ കടന്നുപോകുന്നതും അത് നിർവീര്യമാക്കുന്നതുമായ ആധികാരിക വീഡിയോ ക്ലിപ്പുകൾക്കൊപ്പം പൊതുജനങ്ങളിൽ ഉത്കണ്ഠയും പരിഭ്രാന്തിയും വർധിപ്പിക്കുന്ന വിധത്തിൽ കമന്ററി ചേർക്കുകയും ശബ്ദ ഇഫക്ടുകൾ ഉൾപ്പെടുത്തുകയും ചെയ്ത 12 പേരാണ് ഒന്നാമത്തെ ഗ്രൂപ്പിൽ. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അപകടസാധ്യത സൃഷ്ടിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.


അതേസമയം, 7 വ്യക്തികൾ അടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പ്, AI വഴി സൃഷ്ടിച്ച വ്യാജ ദൃശ്യ ഉള്ളടക്കം പങ്കിട്ടവരോ അല്ലെങ്കിൽ യുഎഇക്ക് പുറത്ത് നടന്ന സംഭവങ്ങൾ രാജ്യത്തിനകത്താണെന്ന് തെറ്റായി അവകാശപ്പെട്ടുകൊണ്ട് പോസ്റ്റ് ചെയ്തവരാണ്. സ്ഫോടനങ്ങളുടെയും മിസൈലുകളുടെയും കൃത്രിമ ദൃശ്യങ്ങൾ കാണിക്കുന്ന ക്ലിപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിൻറെ ദേശീയപതാക കൂട്ടിച്ചേർക്കുകയോ നിർദിഷ്ട തീയതികളിൽ നടന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സ്ഥലവും തീയതിയും രേഖപ്പെടുത്തിയതോ ആയ പോസ്റ്റുകളാണിവ. പൊതുജനങ്ങളെ വിശ്വസിപ്പിക്കുന്ന വിധത്തിൽ വ്യാജമായി സൃഷ്ടിച്ച ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിപ്പ് നൽകിയിരുന്നതാണ്.

6 പേരടങ്ങുന്ന മൂന്നാമത്തെ ഗ്രൂപ്പ് ആക്രമണം അഴിച്ചുവിടുന്ന രാഷ്ട്രത്തെയും അവിടത്തെ സൈനിക നീക്കങ്ങളെയും മഹത്വവൽക്കരിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചവരാണ്.
ദേശീയതാല്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് ആളുകളിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കാൻ ശ്രമിച്ചവരാണിവരെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. പ്രതികൾക്കെതിരായ ആരോപണങ്ങളിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു, കൂടുതൽ അന്വേഷണങ്ങൾ വരെ അവരെ പ്രതിരോധ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടു.

ഈ നടപടികൾ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇതിനു ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ ശിക്ഷാ നടപടികൾ നടപ്പിലാക്കേണ്ടതുണ്ടെന്നും അറ്റോർണി ജനറൽ ഊന്നിപ്പറഞ്ഞു.
പൊതു സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ അപകടപ്പെടുത്തുന്നതോ ആയ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതോ അതിന് സൈബർ ഇടം ഉപയോഗപ്പെടുത്തുന്നതോ ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രത്യേകിച്ച് രാജ്യം സൈനിക ആക്രമണം നേരിടുന്ന ഈ സാഹചര്യത്തിൽ ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ വീഡിയോകൾ പ്രസിദ്ധീകരിച്ചതിന് 10 പേരെ അതോറിറ്റി അറസ്റ്റ് ചെയ്തിരുന്നു.


UAE President calls for stronger global cooperation at G7 Summit
UAE foils drug distribution plot, dismantles criminal network
Sharjah Ruler unveils AED 750 million projects to link direct roads to Dubai
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
UAE introduces new Emiratisation rules for healthcare sector
