ശുദ്ധ ഊർജ്ജത്തിനായുള്ള  ലക്ഷ്യം 2030-2031ഓടെ  35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ

ദുബായിൽ നടക്കുന്ന  മിഡിൽ ഈസ്റ്റ് എനർജി  പ്രദർശനത്തിനിടെ  ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയിയാണ് ഇക്കാര്യം അറിയിച്ചത്

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉൾപ്പെടെയുള്ള ശുദ്ധ ഊർജ്ജത്തിനായുള്ള  ലക്ഷ്യം 2030-2031ഓടെ 
35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ. ദുബായിൽ നടക്കുന്ന  മിഡിൽ ഈസ്റ്റ് എനർജി  പ്രദർശനത്തിനിടെ  ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയിയാണ് ഇക്കാര്യം അറിയിച്ചത്.

 ഇതിനായി പുതിയ പദ്ധതികളും, കൂടുതൽ മത്സരവും, വൈദ്യുതി ഉൽപ്പാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലെ പുരോഗതിക്കും ചെലവ് കുറയുന്നതിനും അനുസൃതമായി തങ്ങളുടെ ഊർജ്ജ നയം നിരന്തരം  പരിഷ്കരിക്കുന്നുണ്ടെന്ന്  മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് പറഞ്ഞു.  

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും വൈദ്യുതി നിരക്ക് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനുമായി പവർ ഗ്രിഡുകൾ വിപുലീകരിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്ന് അൽ മസ്‌റൂയി വ്യക്തമാക്കി. മത്സരാധിഷ്ഠിത നിരക്കിൽ 24 മണിക്കൂർ വരെ വൈദ്യുതി സംഭരിക്കാൻ ഇപ്പോൾ ബാറ്ററികൾക്ക് കഴിയുന്നുണ്ട്. നേരത്തെ  ഇത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമായിരുന്നു .ഈ പുരോഗതി സൗരോർജ്ജം വഴി 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാൻ സഹായിക്കുന്നു.  ഇതിലൂടെ  കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാതെ തന്നെ പ്രകൃതിവാതകം, ആണവോർജ്ജം എന്നിവയുമായി മത്സരിക്കാൻ സൗരോർജ്ജത്തിന്  സാധിക്കും. 
രാജ്യങ്ങൾ തമ്മിലുള്ള വൈദ്യുതി ബന്ധം ശക്തിപ്പെടുത്തുന്നതിന് യുഎഇ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 3 വരെയാണ്  മിഡിൽ ഈസ്റ്റ് എനർജി 2026 പ്രദർശനം.
 70 രാജ്യങ്ങളിൽ നിന്നായി  1,500 ഓളം പ്രദർശകർ പങ്കെടുക്കുന്നുണ്ട്.

More from Local News

Blogs